തിരുവനന്തപുരം: മന്ത്രിമാരെ അറിയിക്കാതെയുള്ള ഐഎഎസുകാരുടെ മാറ്റത്തിലുള്ള മന്ത്രിമാരുടെ കടുത്ത അതൃപ്തിക്കിടെ ഇന്നു മന്ത്രിസഭായോഗം ചേരും. യുഡിഎഫ് മന്ത്രിസഭ അധികാരമേറ്റ ശേഷം ശനിയാഴ്ച നടന്ന ആദ്യ വകുപ്പു മേധാവിമാരുടെയും ജില്ലാ കളക്ടർമാരുടെയും മാറ്റമാണ് വിവാദമായത്. മന്ത്രിമാർ അറിയാതെയാണ് ബന്ധപ്പെട്ട വകുപ്പുകളിലെ മേധാവിമാരെ നിയമിച്ചതെന്ന വിമർശനമാണ് ഉയർന്നത്.
ബുധനാഴ്ച നടക്കേണ്ട പതിവു മന്ത്രിസഭായോഗമാണ് അന്ന് ബക്രീദ് അവധിയായ സാഹചര്യത്തിൽ ഇന്നു ചേരുന്നത്. രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് ഏറെ വിവാദമായ കണ്ണൂർ ആർഡിഒയായിരുന്ന നവീൻ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ കണ്ണൂർ ജില്ലാ കളക്ടർ അരുണ്‍ കെ. വിജയനെ വ്യവസായ വകുപ്പ് ഡയറക്ടറായി നിയമിച്ചത് വ്യവസായ മന്ത്രിയായ പി.കെ. കുഞ്ഞാലിക്കുട്ടി അറിഞ്ഞിരുന്നില്ല.
മന്ത്രിസഭയിലെ രണ്ടാമനായ പി.കെ. കുഞ്ഞാലിക്കുട്ടിയെ അറിയിക്കാതെ ഐഎഎസുകാരുടെ സ്ഥലം മാറ്റ ഉത്തരവ് ഇറങ്ങിയ സാഹചര്യത്തിൽ ഇനി ഐഎഎസുകാരുടെ മാറ്റം നടത്തുന്പോൾ വ്യവസ്ഥാപിത മാർഗങ്ങൾ മന്ത്രിസഭയിൽ അവതരിപ്പിച്ചേക്കും.
റവന്യു മന്ത്രി എ.പി. അനിൽകുമാർ അറിയാതെയാണ് കളക്ടർമാരുടെ മാറ്റങ്ങൾ ചീഫ് സെക്രട്ടറി പുറത്തിറക്കിയതെന്ന ആരോപണവുമുണ്ട്. ഐഎഎസുകാരുടെ മാറ്റത്തിനെതിരേ ഇന്നലെ കൂടുതൽ മന്ത്രിമാർ അതൃപ്തി രേഖപ്പെടുത്തിയിരുന്നു. കഴിഞ്ഞ ദിവസത്തെ നിയമനങ്ങളിൽ ചിലതിൽ മാറ്റം വരുത്തുന്നതിനായി ചില മന്ത്രിമാർ കടുംപിടിത്തത്തിനും സാധ്യതയുണ്ട്.
മലബാർ മേഖലയിലെ സ്കൂളുകളിൽ പ്ലസ് ടുവിന് കൂടുതൽ സീറ്റും ബാച്ചും അനുവദിക്കുന്നതും ചർച്ചയ്ക്കു വന്നേക്കും. 29നു നടക്കേണ്ട ഗവർണറുടെ നയപ്രഖ്യാപനത്തിന്റെ കരടും മന്ത്രിസഭ അംഗീകരിച്ചു ലോക്ഭവനു കൈമാറിയേക്കും. കെഎസ്ആർടിസി ബസുകളിൽ സ്ത്രീകളുടെ സൗജന്യയാത്രയുമായി ബന്ധപ്പെട്ട വ്യവസ്ഥകളിലും ചിലപ്പോൾ ഇന്നത്തെ മന്ത്രിസഭ തീരുമാനമെടുത്തേക്കും. ഏതൊക്കെ ബസുകളിൽ സൗജന്യ യാത്ര അനുവദിക്കണമെന്നതിലാകും തീരുമാനം. ജൂണ്‍ 15 മുതൽ സംസ്ഥാനത്തു നടപ്പാക്കുമെന്നാണു പ്രഖ്യാപനം.